യുദ്ധം അവസാനിപ്പിക്കാൻ തന്റെ രാജ്യം വിട്ടുകൊടുക്കില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. വേൾഡ് ഇക്കണോമിക് ഫോറത്തിൻറെ ഭാഗമായി നടന്ന യോഗത്തിൽ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങളുടെ ഭൂമി വിട്ടുകൊടുത്ത് ഒരു വിട്ടുവീഴ്ചയ്ക്കും യുക്രൈൻ തയ്യാറല്ല. ഞങ്ങളുടെ രാജ്യത്തിനുവേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്,” മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി സെലെൻസ്കി പറഞ്ഞു.
റഷ്യ ആദ്യം നയതന്ത്രത്തിന്റെ ഭാഗമായി സംസാരിക്കാൻ താൽപ്പര്യം കാണിക്കണമെന്നും സ്വന്തം സൈന്യത്തെ പിൻവലിക്കണമെന്നും യുദ്ധം ആരംഭിക്കുന്നതിനു മുൻപുള്ള തൽസ്ഥിതിയിലേക്ക് മടങ്ങണമെന്നും സെലെൻസ്കി പറഞ്ഞു.