ഡാറ്റാ സെന്ററുകളുടെ വിപുലീകരണം സാധ്യമാക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.2 ലക്ഷം കോടി രൂപ വരെ നിക്ഷേപവുമായി ഇന്ത്യയിലേക്ക് വരുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ അറിയിച്ചു. രാജ്യത്തിന്റെ ഡാറ്റാ സെന്റർ മേഖലയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതിനാൽ, ആമസോൺ ഉൾപ്പെടെയുള്ള ഭീമൻ കോർപ്പറേറ്റുകൾ സേവനം വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ആമസോൺ വെബ് സർവീസസ്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫെയ്സ്ബുക്ക്, ഐബിഎം, ഊബർ, ഡ്രോപ്പ്ബോക്സ് തുടങ്ങിയ മേഖലയിലെ പ്രമുഖ കമ്പനികൾക്കെല്ലാം അവരുടെ ഡാറ്റ സംഭരിക്കുന്നതിനുള്ള മൂന്നാം കക്ഷി ഡാറ്റാ സെന്ററുകളുടെ കരാറുകൾ നൽകിയിട്ടുണ്ട്. വിദേശത്തു നിന്നും സ്വദേശത്തു നിന്നുമുള്ള നിക്ഷേപങ്ങളിലൂടെ രാജ്യത്തെ ഡാറ്റാ സെന്ററുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ, അത്തരം കമ്പനികൾ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ വിപുലീകരണത്തിനും ഇത് കാരണമാകും, ഹിരാനന്ദനി ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആമസോൺ, എഡ്ജ്കോണെക്സ്, മൈക്രോസോഫ്റ്റ്, ക്യാപിറ്റൽ ലാൻഡ്, മന്ത്ര ഗ്രൂപ്പ് തുടങ്ങിയ വിദേശ കമ്പനികൾ രാജ്യത്തെ ഡാറ്റാ സെന്ററുകളിൽ നിക്ഷേപം ആരംഭിച്ചു. നിലവിൽ, എൻടിടി, കൺട്രോൾ എസ്, നെക്സ്ട്ര, എസ്ടിടി ഇന്ത്യ തുടങ്ങിയ മേഖലയിലെ പ്രമുഖ കമ്പനികൾ അവരുടെ സംഭരണ ശേഷി വർദ്ധിപ്പിക്കാനുള്ള പ്രക്രിയയിലാണ്. 5 ജി പോലുള്ള സാങ്കേതികവിദ്യയുടെ ആഗമനവും രാജ്യത്തെ ഡാറ്റാ സെന്ററുകളുടെ വളർച്ചയ്ക്ക് ഉത്തേജനം നൽകും. ഡാറ്റാ സെന്ററുകൾക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളും കേന്ദ്ര ബജറ്റിൽ ഉണ്ടായിരുന്നു.