ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ നാശം വിതയ്ക്കുന്നത് തുടരുകയാണ്. അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആറ് പേർ കൂടി മരിച്ചു. കനത്ത മഴയിലും ഇടിമിന്നലിലും യുപിയിൽ അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ കേദാർനാഥ് യാത്ര നിർത്തിവച്ചിരിക്കുകയാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലെ വെള്ളപ്പൊക്കത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 25 ആയി. കനത്ത മഴയിലും ഇടിമിന്നലിലും യുപിയിലെ ഗോണ്ടയിൽ രണ്ട് പേരും ലഖിംപൂർ ഖേരിയിൽ മൂന്ന് പേരും മരിച്ചു.
മഴയും വെള്ളപ്പൊക്കവും കാർഷിക മേഖലയിലടക്കം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് കേദാർനാഥ് യാത്ര നിർത്തിവച്ചിരിക്കുകയാണ്. 5,000 തീർത്ഥാടകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഡൽഹിയിൽ ഇന്നലെ രാത്രിയും ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെട്ടു. ഇതോടെ കുറഞ്ഞ താപനില 17.2 ഡിഗ്രി സെൽഷ്യസിലെത്തി. കഴിഞ്ഞ 18 വർ ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മെയ് മാസത്തിൽ രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ഡൽഹിയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.