മലയാളി ബാസ്കറ്റ്ബോൾ താരം കെ.സി ലിതാര (23) ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഏപ്രിൽ 26നാണ് പാറ്റ്നയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ ലിതാരയുടെ പരിശീലകൻ രവി സിങ്ങിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രവി സിംഗ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കോച്ച് രവി സിങ്ങിനെ റെയിൽവേ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ലിത്രയുടെ മരണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് കുടുംബത്തിൻ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. ലിതാരയുടെ കുടുംബത്തിൻ 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ളതിനാൽ റെയിൽവേയിൽ നിന്ന് ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. കേസ് ഈ ആഴ്ച തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരിഗണിക്കാനാണ് സാധ്യത.