Spread the love

ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ പെട്രോൾ വില കുതിച്ചുയരുകയാണ്. ശ്രീലങ്കയിൽ പെട്രോൾ, ഡീസൽ വില വർദ്ധനവ് സിലോൺ പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ചു. പെട്രോളിനു 24.3 ശതമാനവും ഡീസലിനു 38.4 ശതമാനവുമാണ് വർധിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സമയത്താണ് ഇന്ധന വിലയിലെ ഈ റെക്കോർഡ് വർദ്ധനവ്. പെട്രോളിനു 420 രൂപയും ഡീസലിൻ 400 രൂപയുമാണ് വില. പെട്രോൾ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ലിറ്ററിൻ 82 രൂപയും ഡീസൽ ലിറ്ററിൻ 111 രൂപയും വർദ്ധിച്ചു. ഏപ്രിൽ 19നു ശേഷം ഇത് രണ്ടാം തവണയാണ്. പുതുക്കിയ ഇന്ധന വില ഇന്ന് പുലർച്ചെ മൂന്ന് മണി മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രിസഭ അംഗീകരിച്ച ഇന്ധന വിലനിർണയ ഫോർമുല നടപ്പാക്കുമെന്നും പെട്രോളിയം മന്ത്രി കാഞ്ചന വിജയശേഖര ട്വീറ്റ് ചെയ്തു. പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി, സ്റ്റേഷനുകളിലേക്കുള്ള വിതരണം, മറ്റ് നികുതികൾ എന്നിവയ്ക്കുള്ള എല്ലാ ചെലവുകളും വില പരിഷ്കരണത്തിൽ ഉൾപ്പെടുന്നു. ഗതാഗത, മറ്റ് സർവീസ് ചാർജുകൾ പരിഷ്കരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയതായി എൽഐഒസി സിഇഒ മനോജ് ഗുപ്ത പറഞ്ഞു. അതേസമയം, ഓട്ടോറിക്ഷാ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. ആദ്യ കിലോമീറ്ററിൻ 90 രൂപയായും രണ്ടാം കിലോമീറ്ററിൻ 80 രൂപയായും നിരക്ക് വർദ്ധിപ്പിക്കുമെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ അറിയിച്ചു. പെട്രോൾ വില വർദ്ധനവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ചെലവ് കുറയ്ക്കുന്നതിൻറെ ഭാഗമായി, വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ള രീതികൾ സ്വീകരിക്കുന്നതിൽ സ്ഥാപന മേധാവികൾക്ക് തീരുമാനമെടുക്കാം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, ഇന്ധന ക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്രയും ഉയർന്ന വില വിൽക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

By newsten