കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. മെയ് 13 മുതൽ 12 രാജ്യങ്ങളിൽ നിന്നായി തൊണ്ണൂറ്റിരണ്ട് കുരങ്ങുപനി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലോകാരോഗ്യ സംഘടന കേസുകളിൽ കൂടുതൽ വർദ്ധനവിന് സാധ്യതയുണ്ടെന്ന് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി, അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളവർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, കാനഡ തുടങ്ങി കുറഞ്ഞത് ഒമ്പത് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കുരങ്ങുപനി രേഖപ്പെടുത്തിയിട്ടുണ്ട്. കുരങ്ങുകളിൽ ആദ്യമായി കണ്ടെത്തിയതിനാലാണ് ഈ രോഗത്തിന് ഈ പേര് ലഭിച്ചത്. ഇതുവരെ ഒരു മരണവും രേഖപ്പെടുത്തിയിട്ടില്ല.
യുകെ, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് കുരങ്ങുപനി രൂക്ഷമായി ബാധിച്ച യൂറോപ്യൻ രാജ്യങ്ങൾ. ബെൽജിയം, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്സ്, ഇറ്റലി, സ്വീഡൻ എന്നിവിടങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ലൈംഗികാരോഗ്യ ക്ലിനിക്കുകളിൽ നിന്ന് ധാരാളം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.