ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയായ ഇൻഫോസിസിന്റെ തലവനായി സലിൽ പരേഖിനെ നിയമിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് മാനേജിംഗ് ഡയറക്ടറായും സിഇഒയായും സലിൽ പരേഖ് തുടരും. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
നോമിനേഷൻ ആൻഡ് റെവനേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2018 ജനുവരിയിലാണ് സലിൽ പരേഖ് ഇൻഫോസിസിൻറെ മാനേജിംഗ് ഡയറക്ടറായും സിഇഒയായും ചുമതലയേറ്റത്. ഇക്കാര്യത്തിൽ ഓഹരിയുടമകളുടെ അനുമതി ആവശ്യമാണ്.
ആഗോള ഐടി സേവന മേഖലയിൽ 30 വർഷത്തിലധികം അനുഭവസമ്പത്തുള്ള വ്യക്തിയാണ് പരേഖ്. ഇൻഫോസിസിൽ ചേരുന്നതിൻ മുമ്പ് അദ്ദേഹം കാപ്ജെമിനിയിലെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗമായിരുന്നു. 25 വർഷത്തോളം ഇവിടെ വിവിധ തലങ്ങളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചു. ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ പങ്കാളി കൂടിയായിരുന്നു അദ്ദേഹം.