ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ. ജുവനൈൽ ജസ്റ്റിസ് ആക്ടിൻറെ ലംഘനമാണ് നടന്നതെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
ശനിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മറ്റൊരാളുടെ തോളിൽ ഇരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്ന 10 വയസുകാരൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേതുടർന്ന് പൊലീസ് കേസെടുത്തെങ്കിലും ആരെയും പ്രതിചേർത്തിട്ടില്ല.
കുട്ടിയുടെ വിളി സംഘാടകർ നൽകിയ മുദ്രാവാക്യമല്ലെന്നാണ് പോപ്പുലർ ഫ്രണ്ടിൻറെ വിശദീകരണം. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് പറഞ്ഞു.