ഗ്യാൻവാപി മസ്ജിദ് തർക്കം ഇന്ന് വാരണാസി ജില്ലാ കോടതിയിൽ. സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശയാണ് കേസ് പരിഗണിക്കുക.
നേരത്തെ കേസ് പരിഗണിച്ച വാരണാസി സിവിൽ കോടതിയിൽ നിന്നാണ് ഫയലുകൾ ജില്ലാ കോടതിക്ക് കൈമാറിയത്. വിഷയത്തിൻ്റെ സങ്കീർണത കാരണം, കേസ് പരിചയസമ്പന്നനായ ഒരു മുതിർന്ന ജഡ്ജി പരിഗണിക്കണമെന്ന് സുപ്രീം കോടതി തീരുമാനിച്ചു. പള്ളി പരിശോധിച്ച അഡ്വക്കേറ്റ് കമ്മീഷണർമാർ സർവേ റിപ്പോർട്ട് വാരാണസി കോടതിക്ക് കൈമാറി.
ശിവലിംഗവും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തിയതായി സർവേ റിപ്പോർട്ടിൽ സൂചനയുണ്ട്. അതേസമയം, ഈ വിഷയത്തിൽ രാഷ്ട്രീയ വിവാദം തുടരുകയാണ്. പള്ളിയിൽ ശിവലിംഗം കണ്ടെത്തിയിട്ടില്ലെന്നും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിവാദമെന്നും സമാജ് വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബർക്ക് ആരോപിച്ചിരുന്നു.