ഭർത്താവിന്റെ പീഡനം കാരണം ബി.എ.എം.എസ്. വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. വിസ്മയയുടെ ഭർത്താവും മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺ കുമാറാണ് കേസിലെ പ്രതി.
നാല് മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് ഏറെ ചർച്ച ചെയ്യപ്പെട്ട കേസിൽ കോടതി വിധി പ്രസ്താവിക്കുന്നത്. 2021 ജൂൺ 21 ന് ഭർതൃവീട്ടിൽ വച്ച് വിസ്മയ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയെന്നാണ് കേസ്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തയാകാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും കിരൺ കുമാർ പീഡിപ്പിച്ചെന്നാണ് കേസ്.
2020 മെയ് 30ന് ആയിരുന്നു വിദ്യാർത്ഥിനിയായ വിസ്മയയെ മോട്ടോർ കിരൺ കുമാർ വിവാഹം കഴിച്ചത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, മുറിവേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ തുടങ്ങിയ കുറ്റങ്ങളാണ് കിരൺ കുമാർ ചെയ്തതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.