തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5ജി ശൃംഖലയിൽ നിന്ന് ആദ്യ വീഡിയോ കോൾ നടത്തി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവ്. മദ്രാസ് ഐഐടിയിൽ വച്ചാണ് അശ്വിനി വൈഷ്ണവ് രാജ്യത്തെ ആദ്യത്തെ 5ജി വീഡിയോ ആൻഡ് ഓഡിയോ കോൾ പരീക്ഷിച്ചത്. എൻഡ് ടു എൻഡ് നെറ്റ്‌വര്‍ക്ക് പൂർണ്ണമായും രാജ്യത്ത് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
“തദ്ദേശീയമായി സേവനങ്ങളും ഉൽപ്പന്നങ്ങളും നിർമ്മിക്കാനുള്ള പ്രധാനമന്ത്രിയുടെ ആത്മനിർഭർ കാഴ്ചപ്പാടിൻറെ സാക്ഷാത്കാരമാണിത്,” വൈഷ്ണവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൻറെ സാക്ഷാത്കാരമാണിത്. സ്വന്തമായി 4 ജി, 5 ജി സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം.
സ്റ്റാർട്ടപ്പുകൾക്കും മറ്റ് വ്യവസായങ്ങൾക്കും 5 ജി ഉപകരണങ്ങളും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിനുള്ള 5 ജി ടെസ്റ്റ് ബെഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്തിരുന്നു. ടെലികോം മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇന്ത്യൻ 5ജി ടെസ്റ്റ് ബെഡ് എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.