ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രഫുൽ പട്ടേൽ. ദീർഘകാലമായി തുടരുന്ന അനിശ്ചിതത്വം അവസാനിച്ചത് നല്ല കാര്യമാണെന്ന് പട്ടേൽ പറഞ്ഞു. പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട കോടതി പകരം മൂന്നംഗ സമിതിയെ നിയോഗിച്ചു.
മുൻ സുപ്രീം കോടതി ജഡ്ജി അനിൽ ആർ ദവെ, മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
2020 ഡിസംബറിലാണ് പട്ടേൽ ഫെഡറേഷന്റെ പ്രസിഡന്റായി 12 വർഷം പൂർത്തിയാക്കിയത്. ദേശീയ കായിക നിയമങ്ങൾക്ക് കീഴിലുള്ള പരമാവധി കാലയളവാണിത്. 2017ൽ ഡൽഹി ഹൈക്കോടതി പട്ടേലിന്റെയും പാനലിന്റെയുംയും തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. എന്നാൽ കേസ് ഏറെക്കാലം നീണ്ടുപോയതോടെ പട്ടേൽ നിയമവിരുദ്ധമായി അധികാരത്തിൽ തുടരുന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു.