കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് കുറുകെ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് കേന്ദ്രം. പാംഗോങ് തടാകത്തിൽ ഈ വർഷം ആദ്യം ചൈന നിർമ്മിച്ച പാലത്തിന് സമീപമാണ് രണ്ടാമത്തെ പാലം നിർമ്മിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൈന അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശത്താണ് പാലം നിർമ്മിച്ചിരിക്കുന്നതെന്നും ഇത്തരം പ്രവൃത്തികളെ ഒരിക്കലും ൻയായീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ചൈന പുതിയ പാലം പണിയുന്നു എന്ന റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “ഞങ്ങൾ നയതന്ത്ര, സൈനിക തലത്തിൽ ചൈനയുമായി ചർച്ചകൾ നടത്തിവരികയാണ്, അത് തുടരും,” അദ്ദേഹം പറഞ്ഞു.