ഡൽഹിയിൽ സിഎൻജിയുടെ വില കിലോയ്ക്ക് രണ്ട് രൂപ വർധിപ്പിച്ചു. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലും വില വർധിച്ചിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്. മാർച്ച് 7 മുതൽ രാജ്യതലസ്ഥാനത്ത് 13 തവണയാണ് സിഎൻജി വില വർദ്ധിപ്പിച്ചത്.
കിലോഗ്രാമിൻ 75.61 രൂപയാണ് ഡൽ ഹിയിൽ ഇന്നത്തെ സിഎൻ ജി വില. നേരത്തെ ഇത് 73.61 രൂപയായിരുന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില കിലോയ്ക്ക് 78.17 രൂപയായും ഗുരുഗ്രാമിൽ ഇന്ന് കിലോഗ്രാമിൻ 83.94 രൂപയുമാണ് വില. ഡൽഹിയോട് ചേർന്നുള്ള മറ്റ് പ്രദേശങ്ങളിലും വില വർദ്ധിപ്പിക്കുമെന്ന് ഐജിഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യ-ഉക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണ, വാതക വില വർധിച്ച പശ്ചാത്തലത്തിലാണ് സിഎൻജി വില വർധന. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഗ്യാസ് വിതരണക്കാർ കാലാകാലങ്ങളിൽ സിഎൻജിയുടെയും പിഎൻജിയുടെയും വില വർദ്ധിപ്പിച്ചിരുന്നു. വില വർദ്ധനവ് സിഎൻജി കാർ ഉടമകളെയും ഓട്ടോ ഡ്രൈവർമാരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നു.