Spread the love

സർക്കാർ അഭിഭാഷകരുടെ വിരമിക്കൽ തീയതിയെക്കുറിച്ചോ 60 വയസ്സ് തികയുന്ന തീയതിയെക്കുറിച്ചോ നിയമവകുപ്പിനു അറിവില്ല. സർക്കാർ അഭിഭാഷകരുടെ നിയമന കാലാവധി മൂന്ന് വർഷമോ 60 വയസ്സ് തികയുന്നതുവരെയോ ആണ്. നിയമവകുപ്പിന്റെ പക്കൽ കണക്കില്ലാത്തതിനാൽ കാലാവധി കഴിഞ്ഞിട്ടും അഭിഭാഷകർ പല ജില്ലകളിലും പദവിയിൽ തുടരുന്നതിനാൽ കാലാവധി കഴിഞ്ഞവരുടെ കണക്കുകൾ ഉടൻ ലഭ്യമാക്കാൻ നിയമസെക്രട്ടറി ഉത്തരവിറക്കി. അഭിഭാഷകരുടെ ശമ്പളത്തിന്റെ ഭൂരിഭാഗവും ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ്.

കേരള ലോ ഓഫീസേഴ്സ് (അപ്പോയിൻറ്മെൻറ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവീസസ്), കണ്ടക്ട് ഓഫ് കേസ്സ് റൂൾസ് 1978 എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം ഹൈക്കോടതിയിൽ ഗവൺമെൻറ് പ്ലീഡർ, സീനിയർ ഗവൺമെൻറ് പ്ലീഡർ തുടങ്ങിയ അഭിഭാഷകരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കി അഡ്വക്കേറ്റ് ജനറലിൻറെ ഓഫീസാണ് നൽകുന്നത്. ജില്ലാ കോടതികളിലേക്കും കീഴ്ക്കോടതികളിലേക്കും നിയമനത്തിനുള്ള സർക്കാർ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നത് ജില്ലാ കളക്ടർമാരാണ്. ഓരോ സർക്കാരിൻറെയും ഭരണകാലത്ത് രാഷ്ട്രീയ ബന്ധമുള്ളവരാണ് പട്ടികയിൽ കൂടുതലും ഉൾപ്പെടുന്നത്.

60 വർഷമാണ് സർവീസ് കാലാവധിയെങ്കിലും പലരും വർഷങ്ങളോളം ജോലി ചെയ്യുന്നുണ്ടെന്ന് നിയമവകുപ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായി. വിരമിക്കൽ തീയതി കഴിഞ്ഞിട്ടും ജോലി കാലയളവിലെ ശമ്പളം ആവശ്യപ്പെട്ട് സർക്കാരിനെതിരെ അഭിഭാഷകർ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും സർക്കാരിനെതിരെ വിധി വരികയും ചെയ്തു. വിരമിക്കൽ തീയതി മുൻകൂട്ടി സർക്കാരിനെ അറിയിക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾക്ക് വീഴ്ച പറ്റിയെന്ന് നിയമസെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഇനി മുതൽ വിരമിക്കൽ തീയതി സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്നും അഭിഭാഷകർ നടത്തുന്ന കേസുകളുടെ ചുമതല താൽക്കാലികമായി മറ്റൊരു അഭിഭാഷകനെ ഏൽപ്പിക്കാൻ നിർദ്ദേശിക്കണമെന്നും നിയമസെക്രട്ടറി വി.ഹരി നായർ നിർദ്ദേശിച്ചു.

By

Leave a Reply

Your email address will not be published. Required fields are marked *