ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് ഒരവസരം കൂടി അനുവദിച്ച് വിചാരണക്കോടതി. വ്യക്തമായ തെളിവുകൾ ഹാജരാക്കാത്തതിന് പ്രോസിക്യൂഷനെ വിമർശിച്ച കോടതി ഹർജി 26ലേക്ക് മാറ്റി. തെളിവുകൾ ഹാജരാക്കാനുള്ള അവസാന അവസരമാണിതെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിനു കൂടുതൽ തെളിവുകൾ ഉണ്ടെന്ന വാദത്തിൽ പ്രോസിക്യൂഷൻ ഉറച്ചുനിന്നു. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലിൻ പിന്നാലെ ദിലീപ് ഫോണിലൂടെ തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു.
നടിയെ ആക്രമിക്കുന്നതിൻറെ ദൃശ്യങ്ങൾ ദിലീപിൻ ലഭിച്ചിരുന്നുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ദിലീപും കൂട്ടാളികളും ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നും ഇതിനായി ദിലീപിൻറെ അഭിഭാഷകർ മുംബൈയിലെ സ്വകാര്യ ഫോറൻസിക് ലാബിലേക്ക് പോയെന്നും പ്രോസിക്യൂഷൻ വാദിച്ചു.