Spread the love

ഡൽഹിയിൽ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് താപനില വീണ്ടും ഉയരുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച വരെ ഉഷ്ണതരംഗം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും താപനില 45 ഡിഗ്രി കടക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, നഗരത്തിൽ ഇന്നലെ മെച്ചപ്പെട്ട അവസ്ഥ രേഖപ്പെടുത്തി. പ്രധാന നിരീക്ഷണ കേന്ദ്രമായ സഫ്ദർജംഗിൽ 41.1 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഞായറാഴ്ച ഇത് 45.6 ഡിഗ്രിയായിരുന്നു. മുംഗേഷ്പൂരിൽ 44.6 ഡിഗ്രി സെൽഷ്യസും നജഫ്ഗഡിൽ 44.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ചൂട് അതിരൂക്ഷമായി തുടരുന്നതിനാൽ നഗരം ശുദ്ധജല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. യമുനയിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ വസീറാബാദ്, ചന്ദ്രവാൾ, ഓഖ്ല ശുചീകരണ പ്ലാൻറുകളുടെ പ്രവർത്തനം മന്ദഗതിയിലായി. നഗരത്തിൻറെ പല ഭാഗങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ജലവിതരണത്തിലെ സാധാരണ നില പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ ഹരിയാന സർക്കാരിൻ എസ്ഒഎസ് സന്ദേശം അയച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

ഈ പ്ലാൻറുകളിൽ നിന്നുള്ള ജലവിതരണം 40 ശതമാനം വരെ കുറഞ്ഞതായി വാട്ടർ ബോർഡ് അധികൃതർ പറഞ്ഞു. വസീറാബാദ് കനാലിലെ ജലനിരപ്പ് 669.4 അടിയായി കുറഞ്ഞതായി അധികൃതർ അറിയിച്ചു. വസീറാബാദ് കനാലിലെ സാധാരണ ജലനിരപ്പ് 674.5 അടിയാണ്. ശനിയാഴ്ച ഇത് 670.4 അടിയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ജലനിരപ്പ് 667 അടിയായി താഴ്ന്നിരുന്നു. ഇതിൻ പിന്നാലെയാണ് ഹരിയാന സർക്കാരിനെതിരെ ജലബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്.

By

Leave a Reply

Your email address will not be published. Required fields are marked *