കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള ഇന്ത്യയിലെ ആദ്യ എംആർഎൻഎ വാക്സിൻ വരുന്നു. ഹൈദരാബാദിലെ സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ (സിസിഎംബി) ശാസ്ത്രജ്ഞരാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.
സാർസ്-കോവ്-2 വൈറസിൻറെ സ്പൈക്ക് പ്രോട്ടീനെതിരെ ആൻറിബോഡികൾ ഉത്പാദിപ്പിക്കുന്നതിൽ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫലപ്രാപ്തി ഉറപ്പാക്കുന്നതിനുള്ള പരീക്ഷണങ്ങളുടെ അടുത്ത ഘട്ടം ആരംഭിച്ചു. ഡെങ്കിപ്പനി, ക്ഷയം തുടങ്ങിയ മറ്റ് പകർച്ചവ്യാധികളെ ചെറുക്കാനും വാക്സിൻ ഉപയോഗിക്കാം.
വൈറൽ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ ആവശ്യമായ ജനിതക കോഡുകൾ എംആർഎൻഎ വാക്സിനുകൾ നമ്മുടെ ശരീര കോശങ്ങൾക്ക് നൽകുന്നു. വാക്സിനായി കുത്തിവയ്ക്കുന്ന എംആർഎൻഎ നൽകുന്ന സിഗ്നലുകളുടെ ഫലമായി ശരീരം ചില പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നു. രോഗത്തിൻ കാരണമല്ലാത്ത പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നതിനാണ് എംആർഎൻഎ വാക്സിനുകൾ പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ, കൊറോണ വൈറസിൻറെ രോഗകാരികളായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കപ്പെടില്ല. ശരീരത്തിലെ കോശങ്ങളിൽ പുതുതായി ഉത്പാദിപ്പിക്കപ്പെടുന്ന ഈ പ്രോട്ടീനുകൾ വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നു.