42 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയം ചരിത്രവിജയമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃപ്പൂണിത്തുറയിലെ ഉജ്ജ്വല വിജയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിൻറെ സൂചനയാണ്. തൃക്കാക്കരയിൽ ഇരുമുന്നണികളും ആശയക്കുഴപ്പത്തിലാണെന്നും എൽ.ഡി.എഫും യു.ഡി.എഫും പരാജയഭീതിയിലാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 42 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയാണ് ലീഡ് ചെയ്യുന്നത്. എൽ.ഡി.എഫ് 24 വാർഡുകളും യു.ഡി.എഫ് 12 വാർഡുകളും നേടി. ആറ് സീറ്റുകൾ നേടാൻ ബി.ജെ.പിക്ക് സാധിച്ചു. വൻ വിജയം നേടിയെങ്കിലും തൃപ്പൂണിത്തുറ, വെള്ളിനേല്ലൂർ പഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് കേവലഭൂരിപക്ഷം നഷ്ടമായി. തൃപ്പൂണിത്തുറ നഗരസഭയിൽ രണ്ട് സീറ്റുകൾ എൻ.ഡി.എ പിടിച്ചെടുത്തതോടെ എൽ.ഡി.എഫിൻ കേവലഭൂരിപക്ഷം നഷ്ടമായി. വെള്ളിനെല്ലൂരിൽ യു.ഡി.എഫും ഇടതുപക്ഷവും പിടിച്ചെടുത്തു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പതിനേഴാം വാർഡ് യു.ഡി.എഫ് നിലനിർത്തിയതോടെ തൃശങ്കുവിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി.