സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ഓഹരികൾ വിൽക്കാൻ സർക്കാർ ഒരുങ്ങുന്നു. കമ്പനിയുടെ നാലിലൊന്ന് ഓഹരികൾ വിൽക്കാനാണ് തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം വിൽപ്പന സംബന്ധിച്ച ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്.
ബിപിസിഎല്ലിന്റെ 52.98 ശതമാനം ഓഹരികൾ വിൽക്കുന്നതിനു പകരം 20 മുതൽ 25 ശതമാനം വരെ ഓഹരികൾ വിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലു വർഷം മുമ്പ് ബിപിസിഎല്ലിലെ മുഴുവൻ ഓഹരികളും വിൽക്കാൻ കേന്ദ്രം പദ്ധതിയിട്ടിരുന്നു. ഇതിലൂടെ 8-10 ബില്യൺ ഡോളർ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്.
റഷ്യൻ ഭീമൻമാരായ റോസ്നെഫ്റ്റും സൗദി അറേബ്യയുടെ അരാംകോയും ലേലത്തിൻ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരും താൽപ്പര്യം കാണിക്കാത്തതിനാൽ വിൽപ്പന നടന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ എണ്ണവിലയും ദുർബലമായ ഡിമാൻഡും കാരണം അക്കാലത്ത് ആരും വന്നില്ല.