Spread the love

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി സി ജോർജിന്റെ ജാമ്യത്തെ എതിർത്ത് സർക്കാർ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. ഹർജി മെയ് 20ന് പരിഗണിക്കും. പി സി ജോർജ് നൽകിയ തർക്ക ഹർജി പരിഗണിച്ചാണ് നടപടി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് കേസ് പരിഗണിക്കുന്നത്.

അനാവശ്യമായി സമയം ചോദിച്ചാണ് ഹർജി നീട്ടുന്നതെന്നും എത്രയും വേഗം കേസ് തീർപ്പാക്കണമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻ മുന്നോടിയായി തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിസി ജോർജിൻറെ ഹർജി. ജാമ്യം ലഭിച്ച ശേഷം അത് ലംഘിച്ച് ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല. താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രോസിക്യൂഷൻ തെറ്റിദ്ധരിപ്പിക്കുകയാണ്. കേസ് ശക്തിപ്പെടുത്താനുള്ള പോലീസിൻറെ നടപടിയുടെ ഭാഗമായാണ് എറണാകുളത്ത് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിദ്വേഷ പ്രസംഗം നടത്തിയതിൻ പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്ത് ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സാക്ഷിയെ സ്വാധീനിക്കരുതെന്നും മതവിദ്വേഷത്തിലേക്ക് നയിക്കുന്ന പരാമർശങ്ങൾ നടത്തരുതെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗം വർഗീയ ചേരിതിരിവ് സൃഷ്ടിക്കുമെന്നും മുസ്ലിം സമുദായത്തെ സംശയത്തിൻറെ വക്കിൽ നിർത്തുമെന്നും ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും പൊലീസിൽ പരാതി നൽകിയിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *