കഴിഞ്ഞ 24 മണിക്കൂറിനിടെ 1,569 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇന്നത്തെ കണക്ക് രാജ്യത്തിന് ആശ്വാസമാണ്. 28 ദിവസത്തിൻ ശേഷമാണ് പ്രതിദിന വർദ്ധനവ് 2,000 ത്തിൽ താഴെയായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണങ്ങളാണ് കോവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 524,260 ആയി.
ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം ഇപ്പോൾ 16,400 ആണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 917 കേസുകളുടെ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ ബുള്ളറ്റിൻ പറയുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കണക്കനുസരിച്ച് ഇന്ത്യയിലെ നിലവിലെ രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,467 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,84,710 ആയി. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.44 ശതമാനത്തിലെത്തിയപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനമാണ്.
അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകളുള്ള ഡൽഹിയിൽ തിങ്കളാഴ്ച 377 പുതിയ കോവിഡ് -19 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇവിടെ പോസിറ്റിവിറ്റി നിരക്ക് 3.37 ശതമാനമാണ്. ഞായറാഴ്ച ഇവിടെ 613 പേർക്കും ശനിയാഴ്ച 673 പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസങ്ങളിലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം യഥാക്രമം മൂന്ന്, നാൽ എന്നിങ്ങനെയാണ്. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മരണ സംഖ്യയാണ് ശനിയാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച നഗരത്തിൽ 899 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.