ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഇന്ന് തോറ്റാല്‍ പ്ലേഓഫിലെത്താനുള്ള ചെന്നൈയുടെ നേരിയ സാങ്കേതിക സാധ്യത പോലും അവസാനിക്കും. ഐപിഎൽ ചരിത്രത്തിലെ അതികായരാണെങ്കിലും മുംബൈയും ചെന്നൈയും മറക്കാനാഗ്രഹിക്കുന്ന സീസണ്‍ ആണിത്. മുംബൈ പത്തും ചെന്നൈ ഒൻപതും സ്ഥാനങ്ങളിൽ നില്‍ക്കുന്നു. പതിനൊന്നിൽ ഒൻപതും തോറ്റ മുംബൈയുടെ പ്ലേ ഓഫ് സാധ്യത നേരത്തേ അവസാനിച്ചു. ഏഴ് കളി തോറ്റ ചെന്നൈയും അവസാന നാലിലെത്താനുള്ള സാധ്യത വളരെക്കുറവ്. മുംബൈയോട് തോറ്റാൽ ചെന്നൈയുടെ സാങ്കേതികമായുള്ള സാധ്യതയും അവസാനിക്കും. ഓപ്പണർമാരായ ഡെവൺ കോൺവേയും റുതുരാജ് ഗെയ്‌ക്‌വാദും ഫോമിലേക്ക് എത്തിയതാണ് ചെന്നൈയുടെ ആശ്വാസം.മുംബൈയ്ക്ക് ആശ്വസിക്കാൻ അധികമൊന്നുമില്ല. ബൗളിംഗിലും ബാറ്റിംഗിലും ഒറ്റപ്പെട്ട പ്രകടനം മാറ്റിനിർത്തിയാൽ മുംബൈ വൻ പരാജയമാണ്. രോഹിത് ശർമ്മയും ഇഷാൻ കിഷനും ക്രീസിലുറച്ചില്ലെങ്കിൽ സ്കോർബോർഡിൽ റൺസുണ്ടാവില്ല.വൈകിട്ട് ഏഴരയ്ക്ക് മുംബൈയിലാണ് മത്സരം.