21 ദിവസം മാത്രം പ്രായമായ നവജാത ശിശുവിന്‍റെ വയറ്റിൽ എട്ട് ഭ്രൂണങ്ങൾ കണ്ടെത്തി. ഭ്രൂണങ്ങൾക്ക് മൂന്ന് മുതൽ അഞ്ച് സെന്‍റീമീറ്റർ വരെ വലുപ്പമുണ്ട്. ജാർഖണ്ഡിലെ രാംഗഡിലാണ് അപൂർവ സംഭവം നടന്നത്.
വയറ്റിൽ സിസ്റ്റുകൾ പോലെ കെട്ടിക്കിടന്ന ഈ ഭ്രൂണങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഭ്രൂണത്തിനുള്ളിൽ ഭ്രൂണം (FIF/fetus-in-fetu) എന്ന് വിളിക്കപ്പെടുന്ന അപൂർവ പ്രതിഭാസമാണിത്. വൈകല്യമുള്ള ഭ്രൂണം മറ്റൊരു ഭ്രൂണത്തിലേക്ക് പ്രവേശിക്കുന്ന അവസ്ഥയാണ് എഫ്.ഐ.എഫ്. മുമ്പും നവജാത ശിശുക്കളുടെ വയറ്റിൽ ഭ്രൂണം കണ്ടെത്തിയിട്ടുണ്ട്. ആദ്യമായാണ് എട്ട് ഭ്രൂണങ്ങൾ രൂപപ്പെടുന്നതെന്നും ഓരോ 500,000 ആളുകളിൽ ഒരാൾക്ക് മാത്രമാണ് ഇത് ഉണ്ടാകുന്നതെന്നും ശസ്ത്രക്രിയ നടത്തിയ ഡോ മുഹമ്മദ് ഇമ്രാൻ പറഞ്ഞു.
രാംഗഡിലെ സർക്കാർ ആശുപത്രിയിൽ ഒക്ടോബർ 10 നാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്‍റെ അടിവയർ വീർത്തിരിക്കുന്നത് ഡോക്ടർമാർ ശ്രദ്ധിക്കുകയും കൂടുതൽ പരിശോധനകൾ നടത്തുകയും ചെയ്തു. ആദ്യ പരിശോധനയിൽ, മുഴ പോലെ എന്തോ ആണെന്നാണ് ഡോക്ടർമാർ കരുതിയത്. ഡയഫ്രത്തിന് താഴെയായിരുന്നു ഇത് സ്ഥിതി ചെയ്തിരുന്നത്. തുടർന്ന് ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. നവംബർ ഒന്നിന് 21 ദിവസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയത്. ഇതിനിടയിലാണ് വയറ്റിൽ എട്ട് ഭ്രൂണങ്ങൾ കണ്ടെത്തിയതെന്ന് ഡോ മുഹമ്മദ് ഇമ്രാൻ പറഞ്ഞു.