ദോഹ: നവീകരണത്തിനുശേഷം അൽഖോർ ഫാമിലി പാർക്കും 8 ബീച്ചുകളും പൊതുജനങ്ങൾക്കായി തുറന്നു. നഗരസഭ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണത്തിനായി സൂപ്പർവൈസറി കമ്മിറ്റിയാണ് ബീച്ചുകളും പാർക്കുകളും നവീകരിച്ചത്. സന്ദർശകർക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും നൽകുന്നതിനായി 5 ഫുഡ് കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
അൽഖോർ പാർക്കിലെ മിനി മൃഗശാലയും നവീകരിച്ചിട്ടുണ്ട്. സിംഹങ്ങളുടെയും കുരങ്ങുകളുടെയും കൂടുകൾക്ക് ചുറ്റും വലിയ കുടകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കളിസ്ഥലങ്ങളുടെ മൈതാനവും മാറ്റിസ്ഥാപിച്ചു. ആഴ്ചയിൽ 7 ദിവസവും രാവിലെ 8 മുതൽ രാത്രി 11 വരെ ഇത് തുറന്നിരിക്കും. നഗരസഭ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ ഔൻ ആപ്പ് വഴിയോ എൻട്രി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സന്ദർശകർക്ക് അൽമത്താർ, ഹയാത്ത് പ്ലാസ, ഗൾഫ് മാൾ, മൻസൂറ, അൽവക്ര, അൽഖോർ, അൽദഖീറ, അൽഷമാൽ എന്നിവിടങ്ങളിലെ അൽമിറ ബ്രാഞ്ചുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം.
വാരാന്ത്യങ്ങളിൽ മാത്രം 4,000 ലധികം ആളുകൾ ഇവിടെ എത്താറുണ്ട്. വോളിബോൾ, ഫുട്ബോൾ തുടങ്ങിയ വിവിധ കായിക ഇനങ്ങൾക്കുള്ള അവസരവുമുണ്ട്.