ഊട്ടി പുഷ്പോത്സവം വെള്ളിയാഴ്ച മുതൽ അഞ്ചുദിവസമായി നടക്കും. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന പുഷ്പോത്സവം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.
35,000 സസ്യങ്ങൾ, ചെടികൾ കൊണ്ട് നിർമ്മിച്ച വിവിധ രൂപങ്ങൾ, പൂന്തോട്ടം മുഴുവൻ ചിത്രം വരച്ച പോലെ വിരിഞ്ഞ് നിൽക്കുന്ന പൂക്കൾ എന്നിവ സന്ദർശകരെ ആകർഷിക്കും. 124-ാമത്തെ പുഷ്പോത്സവമാണ് ഇത്തവണ നടക്കുന്നത്. എംആർസി, ഡിഎസ്എസ്സി, എസ്ബിഐ, വനം വകുപ്പ്, വിവിധ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകൾ സ്ഥാപിക്കും. വിദേശികൾ ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം വിനോദസഞ്ചാരികൾ പുഷ്പോത്സവത്തിൻ സാക്ഷ്യം വഹിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങൾ നഗരത്തിനുള്ളിൽ കടത്തിവിടില്ല. വിനോദ കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്ക് എത്താൻ പ്രത്യേക സർക്യൂട്ട് ബസ് സർവീസുണ്ട്. ഒരാൾക്ക് 100 രൂപയാണ് ചാർജ്. ബോട്ട് ഹൗസ്, ഫിംഗർ പോസ്റ്റ്, ബൊട്ടാണിക്കൽ ഗാർഡൻ, ഡോഡാബെറ്റ്, റോസ് ഗാർഡൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെയാണ് സർവീസ്. ഉത്സവം 24ൻ സമാപിക്കും.