കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള 1.2 ദശലക്ഷം ടിക്കറ്റുകൾ വിറ്റതായി അധികൃതർ അറിയിച്ചു. ഈ മാസം 31ന് എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്. ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ധാരാളം ആളുകൾ എഡ്ജ്ബാസ്റ്റണിൽ താമസിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിന്‍റെ എല്ലാ ടിക്കറ്റുകളും വിറ്റുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗെയിംസ് സിഇഒ ഇയാൻ റീഡ് പറഞ്ഞു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അത്ലറ്റുകളും ഒഫീഷ്യലുകളും ഉൾപ്പെടെ 322 അംഗ സംഘത്തെ പ്രഖ്യാപിച്ചു. ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. 215 കായികതാരങ്ങളാണ് ടീമിലുള്ളത്. ബാക്കി 107 പേർ ഉദ്യോഗസ്ഥരും സപ്പോർട്ട് സ്റ്റാഫുമാണ്.
ഗോൾഡ് കോസ്റ്റിൽ നടന്ന 2018 കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഹർമൻപ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയാണ്. ഷഫാലി വർമ്മ, യസ്തിക ഭാട്ടിയ, സബിനേനി മേഘ്ന, ജെമിമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ത്രാകർ, മേഘ്ന സിംഗ്, രാജേശ്വരി ഗായക്വാദ് എന്നിവരും ടീമിലുണ്ട്. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവരാണ് സ്റ്റാൻഡ് ബൈ താരങ്ങൾ. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്.