ദോഹ: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റതോടെ നെയ്മർ കണ്ണീരോടെ കളം വിട്ടതിന് പിന്നാലെയാണ് വിരമിക്കൽ സൂചന. “ഇത് വേദനാജനകമായ നിമിഷമാണ്, തിരിച്ചുവരുന്നതിനെക്കുറിച്ച് എനിക്ക് 100 ശതമാനം ഉറപ്പില്ല,” നെയ്മർ പറഞ്ഞു.
“ഞാൻ ദേശീയ ടീമിലേക്കുള്ള വാതിലുകൾ അടയ്ക്കുന്നില്ല, പക്ഷേ ടീമിലേക്ക് മടങ്ങിവരുമെന്ന് എനിക്ക് 100 ശതമാനം ഉറപ്പില്ല. ബ്രസീൽ ടീമിനും എനിക്കും എന്താണ് ശരിയെന്നതിനെക്കുറിച്ച് ഞങ്ങൾ കൂടുതൽ ചിന്തിക്കേണ്ടതുണ്ട്. ഇത് വേദനാജനകമായ ഒരു സാഹചര്യമാണ്, കഴിഞ്ഞ ലോകകപ്പിൽ സംഭവിച്ചതിനേക്കാൾ മോശമായ ഒരു വികാരമാണിത്. വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഞങ്ങൾ നന്നായി മത്സരിച്ചു. എന്‍റെ ടീമംഗങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.” മത്സരശേഷം കണ്ണുനീരോടെ നെയ്മർ പറഞ്ഞു.
ക്വാർട്ടർ ഫൈനലിൽ വിജയം ഉറപ്പാക്കിയ മത്സരത്തിൽ ക്രൊയേഷ്യയോട് അവസാന നിമിഷം തോറ്റ നെയ്മർ കണ്ണീരോടെയാണ് കളം വിട്ടത്. നിശ്ചിത സമയത്ത് ഗോൾ രഹിത മത്സരത്തിന്‍റെ എക്സ്ട്രാ ടൈമിൽ നെയ്മർ ആവേശകരമായ ഒരു ഗോൾ നേടിയെങ്കിലും ക്രൊയേഷ്യ സമനിലയിൽ പിരിഞ്ഞു. നിമിഷങ്ങൾക്കകം എല്ലാം മാറി മറിഞ്ഞു. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ 4-2ന് ബ്രസീലിനെ തോൽപ്പിച്ചു.