ടി20 ലോകകപ്പിന് ഇനി ബാക്കിയുള്ളത് 100 ദിവസം. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിനുള്ള കൗണ്ട് ഡൗൺ ഐസിസി ആരംഭിച്ചു. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോകകപ്പ് ട്രോഫി പ്രദർശിപ്പിച്ചു. ആരോൺ ഫിഞ്ച്, ജോർജിയ വേർഹാം, ടയ്‌ല വ്ലാമിൻക്, ഷെയിൻ വാട്സൻ, വഖാർ യൂനിസ്, മോർണെ മോർക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
13 രാജ്യങ്ങളിലായി 35 വേദികളിൽ ട്രോഫി പ്രദർശിപ്പിക്കും. ഫിജി, ഫിൻലൻഡ്, ജർമ്മനി, ഘാന, ഇന്തോനേഷ്യ, ജപ്പാൻ, നമീബിയ, നേപ്പാൾ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ആദ്യമായാണ് ടി20 ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നത്.
ലോകകപ്പിന്‍റെ ആദ്യ പാദം ഒക്ടോബർ 16ന് ആരംഭിക്കും. ശ്രീലങ്കയും നമീബിയയും തമ്മിലാണ് ആദ്യ മത്സരം. ഒക്ടോബർ 22നാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞ എഡിഷനിലെ ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയയും ന്യൂസിലാൻഡും തമ്മിലാണ് ആദ്യ മത്സരം. സിഡ്നിയിലാണ് മത്സരം നടക്കുന്നത്. എംസിജിയിലാണ് ഇന്ത്യ-പാക് മത്സരം നടക്കുക. നവംബർ 13ന് എംസിജിയിലാണ് ഫൈനൽ നടക്കുക. സിഡ്നിയും അഡ്ലെയ്ഡുമാണ് സെമി ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്.