Spread the love

ശ്രീലങ്ക കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. അവശ്യ മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും കടുത്ത ക്ഷാമമുണ്ടെന്നും അടുത്ത നടീൽ സീസൺ മുതൽ രാജ്യത്ത് വളങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും വിക്രമസിംഗെ മാദ്ധ്യമങ്ങളോട് പറഞ്ഞു. വളം ഇറക്കുമതി നിരോധിക്കാനും രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ ജൈവവളത്തിലേക്ക് തിരിയാനുമുള്ള ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ തീരുമാനം ഭക്ഷ്യോൽപ്പാദനത്തെ പിടിച്ചുകുലുക്കിയെന്നും അതാണ് നിലവിലെ ക്ഷാമത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിളവിൽ ഗണ്യമായ ഇടിവുണ്ടായതിനെ തുടർന്ന് സർക്കാർ ഇതിനകം വിവാദ തീരുമാനം പിൻ‌വലിച്ചിരുന്നുവെങ്കിലും കാര്യമായ ഇറക്കുമതി ഇതുവരെ നടന്നിട്ടില്ല. ഡോളർ ക്ഷാമം കാരണം പൊതുവിപണിയിൽ നിന്ന് ഒന്നും വാങ്ങാൻ കഴിയാത്ത സാഹചര്യമാണ് രാജ്യം നേരിടുന്നത്. രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ത്യാഗങ്ങൾ ചെയ്യാനും വെല്ലുവിളികളെ നേരിടാനും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാനും റനിൽ വിക്രമസിംഗെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഭക്ഷണം, മരുന്ന്, രാസവളം തുടങ്ങിയ അവശ്യവസ്തുക്കൾ എത്തിക്കുന്നതിൻ ആവശ്യമായ സഹായം നൽകുമെന്ന് ലോകബാങ്കും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും ഉറപ്പുനൽകിയതായി റനിൽ വിക്രമസിംഗെ പറഞ്ഞു.

ഈ വർഷം ശ്രീലങ്കയിൽ പട്ടിണി കിടക്കുന്നവരുടെ എണ്ണം വർധിക്കുമെന്ന് ലോകബാങ്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോകബാങ്കിന്റെ കണക്കുപ്രകാരം ജനസംഖ്യയുടെ 11.7 ശതമാനം പേരും പട്ടിണിയിലാണ്. ദരിദ്രരിൽ പകുതിയോളം പേർ ഇപ്പോഴും സർക്കാരിന്റെ സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്നും പട്ടിണിയുടെ വ്യാപനം വർദ്ധിപ്പിക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

By newsten

Leave a Reply

Your email address will not be published. Required fields are marked *