വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ മാതാപിതാക്കൾ. കിരൺ കുമാറിനു പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവർ പറഞ്ഞു. തങ്ങൾക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും പ്രതികരിച്ചു. ആത്മഹത്യക്കേസിൽ ഭർത്താവ് കിരൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെയാണ് വിസ്മയയുടെ മാതാപിതാക്കളുടെ പ്രതികരണം.
വിധി കേട്ട് കണ്ണീർ നിറഞ്ഞ കണ്ണുകളോടെയാണ് വിസ്മയയുടെ അച്ഛൻ കോടതിയിൽ നിന്ന് പുറത്തിറങ്ങിയത്. കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തിയതിനു പോലീസിനും സർക്കാരിനും മാധ്യമപ്രവർത്തകർക്കും എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. കിരണിനു ഉചിതമായ ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്നും അത് കേൾക്കാൻ കോടതിയിലെത്തുമെന്നും വിസ്മയയുടെ പിതാവ് പറഞ്ഞു.
മകളുടെ അതേ അനുഭവം മറ്റാർക്കും ഉണ്ടാകാൻ പാടില്ലെന്ന് അമ്മ സജിത പറഞ്ഞു. കൂടുതൽ തെളിവുകളും ഓഡിയോ ക്ലിപ്പുകളും ഇനിയും പുറത്തുവരാനുണ്ട്. കൂടെ നിന്ന എല്ലാവർക്കും അമ്മ നന്ദി പറഞ്ഞു.