കിഴക്കൻ ഡോൺബാസ് പ്രദേശം പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുന്ന സാഹചര്യത്തിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഉക്രൈൻ. തങ്ങളുടെ പ്രദേശം വിട്ടുകൊടുക്കാൻ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഉക്രൈൻ നിലപാട്. മരിയുപോളിനെ പിടികൂടിയത് പോലെ
എല്ലാ വശങ്ങളിലും വളഞ്ഞ് ഉക്രേനിയൻ സൈനികരെ ബന്ദികളാക്കാനും റഷ്യ പദ്ധതിയിടുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
ഡോൺബാസിലെ രണ്ട് പ്രവിശ്യകളിൽ ഒന്നായ ലുഹാൻസ്കിനെതിരെ റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. റഷ്യൻ അധിനിവേശം ആരംഭിക്കുന്നതിനു മുമ്പുതന്നെ, ലുഹാൻസ്കിലെ ചില പ്രദേശങ്ങളും മറ്റൊരു പ്രവിശ്യയായ ഡൊണെറ്റ്സ്കും റഷ്യൻ പിന്തുണയോടെ വിമതരുടെ നിയന്ത്രണത്തിലായിരുന്നു. ഇത് പൂർണമായും ഏറ്റെടുക്കാനാണ് റഷ്യയുടെ നീക്കം.
നേരത്തെ പിടിച്ചെടുത്ത ക്രിമിയയിലേക്ക് പ്രവേശിക്കാനുള്ള ഉക്രൈൻ്റെ പാതയുടെ നിയന്ത്രണം റഷ്യ ഏറ്റെടുത്തിട്ടുണ്ട്. ഡോണ്ബാസിലെ സ്ഥിതി അതീവ ദുഷ്കരമാണെന്ന് ഉക്രൈൻ പ്രസിഡൻറ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. നയതന്ത്രത്തിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂവെന്ന് സെലെൻസ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.