ആർജെഡി നേതാക്കളായ റാബ്രി ദേവിയുടെയും തേജസ്വി യാദവിൻറെയും, ഔദ്യോഗിക വസതികളിൽ സിബിഐ റെയ്ഡ് നടത്തി. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ ഭൂമിക്ക് പകരമായി റെയിൽ വേയിൽ ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടത്തിയത്. ലാലുവിൻറെ കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള പട്നയിലെയും ഗോപാൽഗഞ്ചിലെയും സ്വത്തുക്കളിലും സിബിഐ റെയ്ഡ് നടത്തി.
ലാലുവിൻറെ ഡൽഹിയിലെ വസതി ഉൾപ്പെടെ 15 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. മകൾ മിസ ഭാരതി എംപിയുടെ ഔദ്യോഗിക വസതിയിലാണ് ലാലു താമസിക്കുന്നത്. തേജസ്വി യാദവും ഭാര്യയും ലണ്ടൻ സന്ദർശനത്തിലാണ്.
റെയിൽവേ ജോലിക്ക് പകരമായി തുച്ഛമായ വിലയ്ക്ക് ലാലുവിൻറെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഭൂമി കൈമാറാൻ സ്ഥാനാർത്ഥികൾ നിർബന്ധിതരായെന്നാണ് കേസ്. പട്നയിൽ മാത്രം ലാലുവിൻറെ കുടുംബം ഒരു ലക്ഷത്തിലധികം ചതുരശ്രയടി ഭൂമി സ്വന്തമാക്കിയെന്നാണ് സിബിഐ പറയുന്നത്.