യു.എ.ഇക്കും സൗദി അറേബ്യയ്ക്കും ആവശ്യമായ ഗോതമ്പ് ഇന്ത്യയിൽ നിന്ന് ലഭിക്കും. അതത് സർക്കാരുകളുടെ അഭ്യർത്ഥനയെ തുടർന്നാണ് ഇന്ത്യ കയറ്റുമതിക്ക് അനുമതി നൽകിയത്. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചപ്പോൾ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്നും ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് വിതരണത്തിലെ നഷ്ടം നികത്താൻ മറ്റ് ഉറവിടങ്ങൾ തേടുന്നത് പോലും അപ്രായോഗികമായ തീരുമാനമായിരുന്നുവെന്നും യു.എ.ഇയിലെ പ്രമുഖ ഭക്ഷ്യ വിതരണ റീട്ടെയിലർ പറഞ്ഞു. 2020-21 സാമ്പത്തിക വർഷത്തിൽ 187,949.46 ടൺ ഗോതമ്പാണ് ഇന്ത്യ യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്തത്.
ഈജിപ്തിലേക്കുള്ള ഗോതമ്പ് കയറ്റുമതിക്കും കേന്ദ്രസർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. കാൻഡ്ല തുറമുഖത്ത് നിന്ന് ഗോതമ്പ് ചരക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന ഈജിപ്ഷ്യൻ സർക്കാരിൻറെ അഭ്യർത്ഥനയെ തുടർന്നാണിത്. ഈജിപ്തിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യുന്ന മെറാ ഇൻറർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഈജിപ്തിലേക്ക് 61,500 മെട്രിക് ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള കരാർ നേടിയിരുന്നു. ഇതിൽ 44,340 മെട്രിക് ടൺ ഗോതമ്പ് ഇതിനകം കയറ്റിയുകഴിഞ്ഞു. 17,160 മെട്രിക് ടൺ മാത്രമാണ് ഇനി നിറയ്ക്കാൻ ബാക്കിയുള്ളത്. 61,500 മെട്രിക് ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാനും കണ്ടലയിൽ നിന്നുള്ള കയറ്റുമതി തുടരാനും സർക്കാർ തീരുമാനിച്ചു.
ഗോതമ്പ് കയറ്റുമതി നിരോധിക്കുന്നതിലൂടെ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പണപ്പെരുപ്പം തടയാനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന്, ഗോതമ്പ് വില തിങ്കളാഴ്ച യൂറോപ്യൻ വിപണിയിൽ റെക്കോർഡ് ഉയരത്തിലെത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകരാണെങ്കിലും, ഇന്ത്യയിൽ ഗോതമ്പിൻറെ വില കഴിഞ്ഞ മാസം ആശങ്കാജനകമായി ഉയർന്നു. കഴിഞ്ഞ 10 വർ ഷത്തിനിടയിലെ ഏറ്റവും ഉയർ ന്ന വർ ദ്ധനവാണിത്. ഗോതമ്പിൻറെ വില വർദ്ധിച്ചിട്ടും ഗോതമ്പ് കയറ്റുമതി ചെയ്യുന്നത് കേന്ദ്ര സർക്കാർ തുടരുന്നതിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. കയറ്റുമതി തുടർന്നാൽ ഭക്ഷ്യക്ഷാമവും പട്ടിണിയും നേരിടേണ്ടിവരുമെന്ന് വിമർശനമുയർന്നിട്ടുണ്ട്.