യുക്രൈന് യുദ്ധത്തിൽ സഹായം നൽകി പാകിസ്ഥാൻ വംശജനും ശതകോടീശ്വരനുമായ മുഹമ്മദ് സഹൂർ. യുക്രൈൻ സൈന്യത്തിന് വേണ്ടി 2 യുദ്ധ വിമാനങ്ങൾ ഇദ്ദേഹം നൽകിയെന്നാണ് റിപ്പോർട്ട്. കിയെവ് പോസ്റ്റ് എന്ന യുക്രൈൻ പത്രത്തിന്റെ മുൻ ഉടമസ്തൻ കൂടിയാണ് മുഹമ്മദ് സഹൂർ. യുക്രൈനിയൻ ഗായികയായ കമാലിയ സഹൂർ ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. റഷ്യക്കെതിരെയുള്ള പോരാട്ടത്തിൽ തന്റെ ഭർത്താവും സമ്പന്നരായ സുഹൃത്തുക്കളും യുക്രൈനെ നിശബ്ദമായി സഹായിക്കുകയാണെന്ന് കമാലിയ പറഞ്ഞു
യുദ്ധവിമാനങ്ങൾ വാങ്ങാൻ ഭർത്താവ് സഹായിച്ചെന്ന വാർത്ത വെളിപ്പെടുത്തിയത് കമാലിയയാണ്. ഭർത്താവിൻറെ അനുമതിയോടെയാണ് വാർത്ത പുറത്തുവിടുന്നതെന്ന് കമലിയ പറഞ്ഞു. പാകിസ്ഥാൻ വംശജനായ ബ്രിട്ടീഷ് ബിസിനസുകാരനായ മുഹമ്മദ് സഹൂർ ദീർഘകാലമായി ഉക്രെയ്നിലാണ് താമസിക്കുന്നത്. യുദ്ധത്തിനായി പണം സ്വരൂപിക്കാനും അഭയാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനും താൻ കഠിനമായി ശ്രമിച്ചിരുന്നുവെന്ന് കമലിയ പറഞ്ഞു. ഉക്രേനിയക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അദ്ദേഹം നിരവധി രാഷ്ട്രത്തലവൻമാരുമായും മറ്റ് സ്വാധീനമുള്ളവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രൈനെ പിന്തുണയ്ക്കാനും ഒപ്പം നിൽക്കാനും ലോകജനത തയ്യാറാവണമെന്ന് സഹൂർ നേരത്തെ അറബ് ൻയൂസിനോട് പറഞ്ഞിരുന്നു. “ഞാൻ പരസ്യമായി ഉക്രെയ്നിൻറെ പക്ഷം പിടിക്കുന്നു. പാശ്ചാത്യ, ഉക്രേനിയൻ, റഷ്യൻ മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ കണ്ടതിൻ ശേഷം ആരാണ് സത്യം പറയുന്നതെന്ന് എനിക്ക് തീരുമാനിക്കാൻ കഴിയും. റഷ്യ ഉക്രൈനെ വിഴുങ്ങാൻ പോവുകയാണ്. എല്ലാ വലിയ രാജ്യങ്ങളിലും ഉക്രെയ്നിനായി ശബ്ദമുയർത്തേണ്ട സമയമാണിത്, “അദ്ദേഹം പറഞ്ഞു.