പട്ന: മുഖ്യമന്ത്രി നിതീഷ് കുമാറിൻറെ പൊതുസമ്പർക്ക പരിപാടിയിൽ കൈകൂപ്പി സഹായം അഭ്യർത്ഥിച്ച സോനു കുമാർ എന്ന 12 വയസുകാരൻ ഇപ്പോൾ ബീഹാറിലെ താരമാണ്. നളന്ദയിലെ കൽയാൺ ബിഗ ഗ്രാമത്തിലെ സോനുവിൻറെ വീട്ടിലാണ് രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും എത്തുന്നത്.
മദ്യപാനിയായ പിതാവ് കുടുംബത്തെ പരിപാലിക്കാത്തതിനാൽ തനിക്ക് പഠിക്കാൻ ആവശ്യമായ സഹായം നൽകണമെന്ന് സോനു മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. സർക്കാർ സ്കൂളിൽ അധ്യാപകർ ഇല്ലെന്നും ഫീസ് അടയ്ക്കാത്തതിൻറെ പേരിലാണ് തന്നെ സ്വകാര്യ സ്കൂളിൽ നിന്ന് പുറത്താക്കിയതെന്നും സോനു മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
സോനുവിൻറെ അഭ്യർത്ഥന അംഗീകരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഗ്രാമത്തോട് ചേർന്നുള്ള ഗ്രാമമാണ് നളന്ദ.