Spread the love

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോക്സോ കേസ് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനം. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഇത് സംബന്ധിച്ച വിശദമായ ശുപാർശ സർക്കാരിനു നൽകിയിട്ടുണ്ട്. പോക്സോ കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. എല്ലായിടത്തും ഡിവൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 19 ഉദ്യോഗസ്ഥർ വീതമുള്ള സംഘമാണ് രൂപീകരിക്കുന്നത്.

സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ ഇൻസ്പെക്ടർമാരെ വലിയ ജോലിയില്ലാത്തതും കേസുകൾ കുറവുള്ളതുമായ 60 പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പിൻവലിക്കുകയും എസ്ഐമാരെ നിയമിക്കുകയും ചെയ്യും. ഇവരെ പോക്സോ സംഘങ്ങളിൽ ഉൾപ്പെടുത്തും. പോക്സോ ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനു 2020 ൽ വിവിധ റാങ്കുകളിലായി 1363 തസ്തികകൾ സൃഷ്ടിക്കാൻ അന്നത്തെ ഡിജിപി ശുപാർശ ചെയ്തിരുന്നു. ഇത് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ എണ്ണം കുറയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ 478 തസ്തികകൾ സൃഷ്ടിക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. മതിയായ അന്വേഷണ ഉദ്യോഗസ്ഥരില്ലാത്തതിനാൽ പോക്സോ കേസ് അന്വേഷണം യഥാസമയം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെന്നും ഡിജിപി യോഗത്തിൽ പറഞ്ഞു. ഇതേതുടർന്ന് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ധനകാര്യ, നിയമ, സാമൂഹ്യനീതി സെക്രട്ടറിമാർ, ഡി.ജി.പി എന്നിവരടങ്ങിയ ഉന്നതതല സമിതിയെ നിയമിക്കുകയും ശുപാർശകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.

By

Leave a Reply

Your email address will not be published. Required fields are marked *