പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ വേഗത്തിലാക്കാൻ വൻ നടപടിയുമായി കേന്ദ്ര സർക്കാർ. സംയുക്ത സംരഭങ്ങളിലെ ഓഹരികൾ വിറ്റഴിക്കാനും വിൽക്കാനും അതത് സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകൾക്ക് അധികാരം നൽകാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ, ചെറുകിട വിൽപ്പന, സബ്സിഡിയറികൾ അടച്ചുപൂട്ടൽ എന്നിവയിലും തീരുമാനമെടുക്കാം. കേന്ദ്ര മന്ത്രിസഭയുടെ അനുമതി ആവശ്യമില്ല.
ഒരു സബ്സിഡിയറിയുടെ വിൽപ്പന ഒഴികെയുള്ള മഹാരത്ന സ്ഥാപനങ്ങളുടെ വിൽപ്പനയ്ക്കും അടച്ചുപൂട്ടലിനും തത്വത്തിൽ അംഗീകാരം നൽകുന്നതിനുള്ള ബദൽ സംവിധാനത്തിനും അംഗീകാരം നൽകിയിട്ടുണ്ട്. വേഗത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രവർത്തനങ്ങളിൽ മാറ്റം വരുത്താനുമാണ് നീക്കം. 2021 ലെ പുതിയ പൊതുമേഖല നയം പൊതുമേഖലയിൽ സർക്കാരിൻറെ സാന്നിധ്യം കുറയ്ക്കുക എന്നതാണ്.
പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നതിനുള്ള സമയപരിധി 2025-26 വരെ നീട്ടാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നേരത്തെ, ഈ പരിധി 2030 ആയി നിജപ്പെടുത്തിയിരുന്നു. 2018ലെ ദേശീയ ജൈവ ഇന്ധന നയത്തിലെ ഭേദഗതികൾ ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽ കി.