മുൻ എംഎൽഎ പിസി ജോർജിൻറെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പാലാരിവട്ടം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിൻറെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേതുടർന്ന് മുൻ എംഎൽഎയെ തേടി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് അറസ്റ്റിലേക്ക് നയിച്ചേക്കുമെന്ന സൂചനയുള്ളതിനാൽ പിസി ജോർജ് വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. രാവിലെ തന്നെ അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായാണ് വിവരം. പൊലീസ് വീട്ടിലെത്തിയെങ്കിലും ജോർജിനെ കണ്ടെത്താനായില്ല. പോലീസ് ഇപ്പോഴും വീട്ടിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
തിരുവനന്തപുരത്ത് ഹിന്ദുമഹാസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിൻ പാലാരിവട്ടത്ത് പി.സി ജോർജിനെതിരെയും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ആവർത്തിച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.