Spread the love

കോഴിക്കോട് കൂളിമാട് നിർമ്മാണത്തിനിടെ തകർന്ന പാലത്തിൽ പിഡബ്ല്യുഡി വിജിലൻസ് ഇന്ന് പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഹൈഡ്രോളിക് സംവിധാനത്തിൽ പിശക് സംഭവിച്ചുവെന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിശദീകരണം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കും. റോഡ് ഫണ്ട് ബോർഡും പാലം പരിശോധിക്കും.

ചാലിയാർ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിൻറെ മലപ്പുറം ഭാഗത്തെ ബീം തിങ്കളാഴ്ചയാണ് ഇടിഞ്ഞ് പുഴയിലേക്ക് വീണത്. യന്ത്രങ്ങളുടെ സഹായത്തോടെ പാലത്തിന്റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് നിർമ്മാണം ആരംഭിച്ചത്. പിന്നീട്, വെള്ളപ്പൊക്കത്തെ തുടർന്ന് നിർമ്മാണം തടസ്സപ്പെട്ടു. എസ്റ്റിമേറ്റ് പരിഷ്കരിച്ചാണ് നിർമാണം ആരംഭിച്ചത്.

പാലം തകർന്നത് സർക്കാരിനെതിരായ ആയുധമായി യു.ഡി.എഫ് ഉപയോഗിച്ചു. നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും വീഴ്ചയിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പങ്കുണ്ടെന്നും മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകും. നിർമ്മാണത്തിലെ ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യൂത്ത് ലീഗ്. ആരോപണം ഉന്നയിക്കേണ്ടവർക്ക് അത് പറയാമെന്നും വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *