നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം എൻസിപിയിൽ പൊട്ടിത്തറിയിലേക്ക്. മന്ത്രി എ കെ ശശീന്ദ്രന് വീണ്ടും എലത്തൂരിൽ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം രാജിവെച്ചു. സംസ്ഥാന നിർവാഹക സമിതി അംഗമായ പി എസ് പ്രകാശനാണ് പാര്‍ട്ടിവിട്ടത്. യുഡിഎഫ് പ്രവേശനം നേടിയ മാണി സി കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും പ്രകാശൻ വ്യക്തമാക്കി.
അതിനിടെ ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ എൻസിപിയുടെ യുവജന വിഭാഗവും രംഗത്തെത്തി. ശശീന്ദ്രൻ മാറി നിൽക്കണമെന്നാവശ്യപ്പെട്ട് എൻവൈസി പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്റെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്. എൻസിപിയിലും ടേം വ്യവസ്ഥ കൊണ്ടുവരണമെന്ന് എൻവൈസി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗൗരവമുള്ള പരാതി നൽകിയിട്ടുണ്ടെന്നും പക്ഷേ പരാതികൾ നേരത്തെ പരാതികൾ അറിയിക്കേണ്ടതായിരുന്നുവെന്നുമാണ് ടി പി പിതാംബരൻ മാസ്റ്ററുടെ പ്രതികരണം.
അതിനിടെ കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എകെ. ശശീന്ദ്രനെതിരെയാണ് പോസ്റ്ററുകളും ഫ്ലക്സുകളും ഉയര്‍ന്നു. ശശീന്ദ്രനെ മത്സരിപ്പിക്കരുത്. മണ്ഡലത്തിൽ പുതുമുഖത്തിന് സീറ്റ് നൽകി മത്സരിപ്പിക്കണം. ഫോൺ വിളി വിവാദം മറക്കരുതെന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് എൻസിപി എന്ന പേരിലാണ് പോസ്റ്ററുകളുള്ളത്.