നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ പ്രതിയാകില്ല. മെയ് 31നു മുമ്പ് അന്വേഷണം പൂർത്തിയാക്കേണ്ടതിനാൽ ഉയർന്ന സമ്മർദ്ദത്തെ തുടർന്നാണ് ക്രൈംബ്രാഞ്ചിനു ഇത്തരമൊരു നീക്കത്തിൽ നിന്ന് പിൻമാറേണ്ടി വന്നതെന്നാണ് വിവരം. ഇതോടെ കാവ്യ മാധവൻ സാക്ഷിയായി തുടരും.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് സംഘം പോയിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതിയെ സമീപിച്ച് തെളിവ് നശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ അപേക്ഷ നൽകാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടാകുകയും അവർക്ക് മുന്നോട്ട് പോകാൻ കഴിയാതെ വരികയും ചെയ്തു. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ മാറ്റവും ഇതിന്റെ ഭാഗമായിരുന്നു.
മെയ് 31നു മുമ്പ് റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ദിലീപിന്റെ ഫോണിലെത്തിയ ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. കേസിൽ ഇയാൾ പ്രതിയായി തുടരും. കൂടുതൽ കുറ്റപത്രം സമർപ്പിക്കുകയും മെയ് 31നു മുമ്പ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. റിപ്പോർട്ട് സമർപ്പിക്കാൻ അധിക സമയം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.