തിരുവനന്തപുരം: ഓരോ പ്രദേശത്തെയും ഏറ്റവും ദുർബലരായ ആളുകളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കി വില്ലേജ് ഓഫീസർ, പൊലീസ്, അഗ്നിശമന സേന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൺസൂൺ മുന്നൊരുക്ക യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിക്കണം. ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളും അവിടേക്കുള്ള സുരക്ഷിത പാതയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ അറിയിക്കണം. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണമെങ്കിൽ മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണം.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മൺസൂൺ കൺട്രോൾ റൂമുകൾ തുറന്ന് 24 മണിക്കൂറും പ്രവർത്തിക്കണം. കൺട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാ തലങ്ങളിലെ ദുരന്ത നിവാരണ കൺട്രോൾ റൂമുകളുമായി ചേർന്നാണ് തദ്ദേശ സ്വയംഭരണ കൺട്രോൾ റൂമുകൾ പ്രവർത്തിക്കേണ്ടത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ തയ്യാറെടുപ്പ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കണം. മെയ് 19 മുതൽ മെയ് 25 വരെ താരതമ്യേന കുറഞ്ഞ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇത് മുതലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ ഫലപ്രദമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. മെയ് 22 മുതൽ 29 വരെ മൺസൂണിൻ മുന്നോടിയായുള്ള ശുചീകരണ യജ്ഞം നടത്തും.
എല്ലാ ജില്ലകളുടെയും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരണം. വകുപ്പുമേധാവികളും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളും യോഗത്തിൽ പങ്കെടുക്കണം. കാലവർഷക്കെടുതിയിൽ ഉണ്ടാകാനിടയുള്ള ദുരന്തങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം. എല്ലാ അഴുക്കുചാലുകളും വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. അഴുക്കുചാലുകൾ വൃത്തിയാക്കിയ ശേഷം, മണലും ചെളിയും അഴുക്കുചാലുകൾക്ക് സമീപം നിക്ഷേപിക്കരുത്. തദ്ദേശ സ്ഥാപനങ്ങൾ മുൻകൂട്ടി പ്രാദേശികമായി നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.