ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ടി20 പരമ്പരയിൽ ശിഖർ ധവാൻ ഇന്ത്യൻ ടീമിനെ നയിക്കും. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം നൽകും. മലയാളി താരം സഞ്ജു സാംസണ് ഉൾപ്പെടെ ഐപിഎല്ലിൽ മികവ് തെളിയിച്ച താരങ്ങൾക്ക് പരമ്പരയിൽ അവസരം നൽകുമെന്നാണ് റിപ്പോർട്ട്.
മുംബൈ ഇന്ത്യൻസിൻറെ യുവ ബാറ്റ്സ്മാൻ തിലക് വർമ, സണ്റൈസേഴ്സിൻറെ എക്സ്പ്രസ് പേസർ ഉമ്രാൻ മാലിക്, പഞ്ചാബ് കിങ്സിൻറെ സ്റ്റാർ പേസർ അർഷ്ദീപ് സിംഗ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയേക്കും. ഹർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, ഭുവനേശ്വർ കുമാർ, പ്രസിദ് കൃഷ്ണ, റുതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ എന്നിവരും ടീമിലുണ്ട്.
ജൂൺ 9 മുതൽ 19 വരെയാണ് അഞ്ച് മത്സരങ്ങളുടെ പരമ്പര. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യ യുകെയിലേക്ക് പറക്കും. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരെയാണ് ഇന്ത്യക്ക് യുകെയിൽ മത്സരങ്ങൾ നടക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി സീനിയർ താരങ്ങൾക്ക് വിശ്രമം നൽകുകയാണ് ബിസിസിഐയുടെ ലക്ഷ്യം. അയർലൻഡിനെതിരായ ടി20 മത്സരത്തിലും ഇന്ത്യ യുവതാരങ്ങളെ കളത്തിലിറക്കും.