തായ്‌വാനെ ആക്രമിക്കാൻ ചൈന തയ്യാറെടുക്കുന്നതായി സൂചന. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാക്കളും പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ഈ വിഷയത്തിൽ ചർച്ച നടന്നതായാണ് റിപ്പോർട്ട്. യുദ്ധതന്ത്രത്തെക്കുറിച്ചുള്ള ചർച്ചകളുടെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ‘ലൂഡ്’ എന്ന യൂട്യൂബ് ചാനലും ഇത് സംപ്രേഷണം ചെയ്തിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതരാണ് ഓഡിയോ സംഭാഷണം ചോർത്തിയതെന്നാണ് സൂചന.
പ്രസിഡൻറ് ഷി ജിൻപിംഗ് തായ്വാനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി പുറംലോകത്തെ അറിയിക്കാനാണ് വിവരങ്ങൾ ചോർന്നതെന്നാണ് റിപ്പോർട്ട്. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (പിഎൽഎ) ഒരു ഉന്നത ഉദ്യോഗസ്ഥൻ യുദ്ധ തന്ത്രം വിശദീകരിക്കുകയാണെന്നും കരയിലൂടെ ആക്രമണം നടത്താൻ ചൈന പദ്ധതിയിടുന്നുണ്ടെന്നും ഓഡിയോ സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ പറയുന്നു. സിപിസി നേതാക്കളാണ് ഓഡിയോ ചോർത്തിയതെന്ന് യൂട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ രംഗത്തെത്തി. തായ്വാനെ ആക്രമിച്ചാൽ യുഎസ് സൈൻയം അവരെ രക്ഷിക്കാൻ വരുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. ക്വാഡ് ഉച്ചകോടിക്കായി ബൈഡൻ ഇപ്പോൾ ജപ്പാനിലാണ്. ബലപ്രയോഗത്തിലൂടെ എന്തെങ്കിലും പിടിച്ചെടുക്കുന്ന നയം ശരിയായ നടപടിയല്ലെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി.