ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാർഷിക പട്ടിക ടൈം മാഗസിൻ പുറത്തുവിട്ടു. സുപ്രീം കോടതി അഭിഭാഷക കരുണ നുണ്ടി, വ്യവസായ പ്രമുഖൻ ഗൗതം അദാനി, പ്രമുഖ കശ്മീരി മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസ് എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി, മിഷേൽ ഒബാമ, ആപ്പിൾ സിഇഒ ടിം കുക്ക് എന്നിവരും TIME 100 പട്ടികയിൽ ഉൾപ്പെടുന്നു.
കോടതിമുറിക്കകത്തും പുറത്തും മാറ്റത്തിനായി ധൈര്യമായി ശബ്ദമുയർത്തുന്ന പൊതു പ്രവർത്തകയാണ് കരുണ നുണ്ടി. ബലാത്സംഗ നിയമങ്ങളുടെ പരിഷ്കരണത്തിനായി വാദിക്കുകയും ജോലിസ്ഥലത്തെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകൾക്കെതിരെ പോരാടുകയും ചെയ്യുന്ന ചാമ്പ്യനാണ് നുണ്ടിയെന്ന് മാഗസിൻ പറയുന്നു. ഗൗതം അദാനിയെ ടൈറ്റൻസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദാനി പൊതുജനങ്ങളിൽ നിന്ന് അകന്ന് നിശബ്ദമായി തൻറെ സാമ്രാജ്യം കെട്ടിപ്പടുക്കുകയാണെന്നും പരാമർശിക്കപ്പെടുന്നു.
കശ്മീർ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും അനീതികൾക്കുമെതിരെ ഖുറം പർവേസ് നടത്തിയ ശക്തമായ പോരാട്ടത്തിൻറെ ശബ്ദം ലോകമെമ്പാടും കേട്ടു. എന്നിരുന്നാലും, പെർവേസിൻറെ ശബ്ദം അടിച്ചമർത്തപ്പെട്ടുവെന്ന് ടൈം മാഗസിൻ ലേഖനത്തിൽ പറയുന്നു. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെ കൂടാതെ കെവിൻ മക്കാർത്തി, റോണ് ഡിസാൻറിസ്, കിർസ്റ്റണ് സിനിമ, കേതൻജി ബ്രൗണ് ജാക്സണ് എന്നിവരാണ് പട്ടികയിലുള്ളത്.