ചൈന തായ്വാനെ ആക്രമിച്ചാൽ യുഎസ് സൈന്യം സ്വയം പ്രതിരോധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അപകടകരമായ നീക്കമാണ് ചൈന നടത്തുന്നതെന്നു ബൈഡൻ ആരോപിച്ചു. ജപ്പാനിലെ ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ബൈഡന്റെ പരാമർശം.
യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും ജപ്പാനും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചൈനയും റഷ്യയും തമ്മിലുള്ള സംയുക്ത നാവിക വിന്യാസം സംയുക്തമായി നിരീക്ഷിച്ചു വരികയാണ്. ‘ഒരു ചൈന’ നയത്തോട് ഞാൻ യോജിക്കുന്നു. എന്നാൽ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്നത് ശരിയല്ല. റഷ്യ യുക്രൈനിൽ നടത്തിയ സമാനമായ അധിനിവേശമായിരിക്കും ഇത്. തന്ത്രപ്രധാനമായ സൈനിക ആക്രമണമാണ് ചൈന നടത്തുന്നത്. യുക്രൈനിലെ അധിനിവേശത്തിനു റഷ്യക്ക് ദീർഘകാല പിഴ നൽകേണ്ടിവരും. തായ്വാനെ കീഴടക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കുള്ള സൂചനയാണിത്,” ബൈഡൻ പറഞ്ഞു.
സ്വയംഭരണാധികാരമുള്ള തായ്വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്ചപ്പാട്. ചൈനയുടെ അധികാര കേന്ദ്രത്തിൻ കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു.