ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് ശേഷം, അതിൻറെ ആഘാതം ആഗോളതലത്തിൽ അനുഭവപ്പെട്ടു. ഗോതമ്പിൻറെ അന്താരാഷ്ട്ര വിലയിൽ ആറ് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശികമായി ഗോതമ്പിൻറെ വില നാൽ മുതൽ എട്ട് ശതമാനം വരെ കുറഞ്ഞു. നിലവിൽ രാജസ്ഥാനിൽ ക്വിൻറലിൻ 200-250 രൂപയും പഞ്ചാബിൽ 100-150 രൂപയും ഉത്തർപ്രദേശിൽ 100 രൂപയുമാണ് ഗോതമ്പിൻറെ വില.
ഉക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്ന് ഗോതമ്പിൻറെ വില ആഗോള തലത്തിൽ 60 ശതമാനത്തിലധികം ഉയർന്നിരുന്നു. ലോകത്തിലെ ഗോതമ്പ് കയറ്റുമതിയുടെ മൂന്നിലൊന്ന് റഷ്യയും ഉക്രൈനുമാണ് നിയന്ത്രിച്ചിരുന്നത്. ലോകത്തിലെ ഗോതമ്പ് കയറ്റുമതിയുടെ 5 ശതമാനം നിയന്ത്രിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ കയറ്റുമതി നിരോധനത്തെത്തുടർന്ന് ചിക്കാഗോയിൽ വില തിങ്കളാഴ്ച 5.9 ശതമാനം ഉയർന്ന് 12.47 ഡോളറിലെത്തി. ഇന്ത്യ നിരോധനം ഏർപ്പെടുത്തിയ മെയ് 13 ൻ കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ ക്ലോസിംഗ് വില 11.77 ഡോളറായിരുന്നു.
2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ 11 മാസത്തിനുള്ളിൽ 66.41 ലക്ഷം ടൺ ഗോതമ്പാണ് കയറ്റുമതി ചെയ്തതെന്ന് കേന്ദ്ര സർക്കാരിൻറെ വാണിജ്യ വകുപ്പിൻറെ പോർട്ടലിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 2021 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള 12 മാസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി 10 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള നടപ്പ് സാമ്പത്തിക വർഷത്തിൽ, ഏകദേശം 45 ലക്ഷം മെട്രിക് ടൺ ഗോതമ്പ് കയറ്റുമതിക്കായി കരാർ ചെയ്തിട്ടുണ്ടെന്നാണ് ഇന്ത്യൻ സർക്കാരിൻറെ കണക്ക്. ഇതിൽ 14.63 ലക്ഷം മെട്രിക് ടൺ കയറ്റുമതി ചെയ്തത് 2022 ഏപ്രിലിൽ മാത്രം. കഴിഞ്ഞ വർഷം ഇതേ മാസം 2.43 ലക്ഷം മെട്രിക് ടൺ മാത്രമാണ് കയറ്റുമതി ചെയ്തത്.