ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ജപ്പാൻ സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചു. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരുമായും ഉഭയകക്ഷി ചർച്ച നടത്തും. 23നു മോദി വിദേശയാത്രയ്ക്ക് പുറപ്പെടും.
“ജപ്പാൻ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി 23, 24 തീയതികളിൽ ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാനിലേക്ക് പോകും. അവിടത്തെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ജാപ്പനീസ് ബിസിനസ്സ് നേതാക്കളുമായും ചർച്ച നടത്തും. വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
വ്യാപാരം, നിക്ഷേപം, ശുദ്ധ ഊർജ്ജം, വടക്കുകിഴക്കൻ മേഖലയിലെ സഹകരണം എന്നിവ ഉൾപ്പെടെയുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണവും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി മോദി ചർച്ച ചെയ്യും.