മുഖ്യമന്ത്രിയെ അപമാനിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ‘ചങ്ങല പൊട്ടിയ നായ’ എന്ന പദം സംസ്കാരശൂന്യമാണെന്ന് എൽ.ഡി.എഫ് കൺവീനർ വിമർശിച്ചു. കെ സുധാകരനെതിരെ നിയമപരമായി പരാതി നൽകുമെന്ന് ഇ പി ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രിയെ അവഹേളിച്ച സുധാകരനെതിരെ എന്ത് നടപടിയാണ് എ.ഐ.സി.സി സ്വീകരിക്കാൻ പോകുന്നതെന്ന് ഇ.പി ജയരാജൻ ചോദിച്ചു. സുധാകരൻ കേരളത്തെയാകെ അപമാനിച്ചു. ഇതിനെതിരെ തൃക്കാക്കരയിൽ പ്രതിഷേധം ഉണ്ടാകണം. കേരളത്തെ അപമാനിച്ച കെ സുധാകരനെ അറസ്റ്റ് ചെയ്യണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.
തൃക്കാക്കരയിലെ സമാധാനം തകർക്കാനാണ് കെപിസിസി പ്രസിഡൻറ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കണ്വീനർ ആരോപിച്ചു. ജനപ്രിയനായ നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം തൃക്കാക്കരയിലെത്തി ജനങ്ങളെ കാണുന്നത് സ്വാഭാവികമാണ്. കെ.പി.സി.സി പ്രസിഡൻറിൻറെ പരാമർശം ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകനിൽ നിന്ന് പോലും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു.